Wednesday, March 11, 2009

വരികള്‍ക്കിടയിലൂടെ

ഈയിടെ സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ രണ്ട്‌ വിഷയങ്ങളിലേയ്‌ക്ക്‌ ഒരു ശ്രദ്ധ തിരിക്കല്‍ മാത്രമാണ്‌ നടത്താന്‍ ഉദ്ധേശിക്കുന്നത്‌.സാമ്പത്തിക മാന്ദ്യത്തിന്റെ വര്‍ത്തമാനത്തിലൂടെയാണ്‌ വര്‍ത്തമാന ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്‌.നമ്മുടെ മഹാഭാരതമാവട്ടെ മാന്ദ്യത്തിന്റെ സകലമാന തണു തണുപ്പന്‍ മഞ്ഞുകട്ടകളേയും ഉരുക്കി ഒലിപ്പിക്കുന്ന തെരഞ്ഞെടുപ്പ്‌ ചൂടിലേയ്‌ക്കും.ലോകം ആഗോള ഗ്രാമമായി ചുരുങ്ങിയപ്പോള്‍ ഒരുഗ്രാമത്തിലെ സൗഭാഗ്യവും ദൗര്‍ഭാഗ്യവും എന്നപോലെ ആഗോള വിഷയങ്ങള്‍ മാറിയിരിക്കുന്നു.സാമ്രാജ്യത്വ ഭീമന്‍ അടിച്ചേല്‍പിച്ച പുതുലോക ക്രമം കൊണ്ട്‌ നെല്ലിക്കയുടെ രുചി ഭേദങ്ങളുടെ വിപരീത ക്രമം നാം ആസ്വദിക്കുകയാണിപ്പോള്‍.അഥവ മധുരിക്കും പുളിക്കും പിന്നെ അക്ഷരാര്‍ത്ഥത്തില്‍ കയ്‌ക്കും.സാമ്പത്തിക മാന്ദ്യം എന്ന്‌ എല്ലാവരും പറയുന്നുണ്ട്‌.എന്നാല്‍ എന്താണ്‌ ഈ മാന്ദ്യം എന്നാരെങ്കിലും ചിന്തിച്ചു നോക്കിയോ? ലോക സമ്പത്തിന്‌ എന്താണ്‌ സംഭവിച്ചത്‌?കാലത്തിനും കാലഘട്ടത്തിനു ഒന്നും സംഭവിക്കുന്നില്ല.അതിലൂടെ ചരിക്കുന്നവരുടെ ചെയ്‌തികള്‍ ദൃശ്യമാകുന്നതിന്‌ കാലത്തെ ശപിച്ചിടെന്ത്‌ കാര്യം. എന്ന്‌ അറബിക്കവിതയിലെ വരികള്‍ സ്‌പഷ്‌ടമാക്കിയത്‌ പോലെ.സമ്പത്തിന്‌ ഒന്നും സംഭവിച്ചിട്ടില്ല.അത്‌ കൈകാര്യം ചെയ്‌തവര്‍ക്ക്‌ കാര്യമായ പിഴവ്‌ സംഭവിച്ചു.അതിന്റെ പ്രതിഫലനം ലോകമെമ്പാടും പ്രതിഫലിക്കുകയും ചെയ്‌തു.സദാചാരത്തിന്‌ മൂല്യ ശോഷണം സഭവിക്കുകയില്ല.സദാചാരം മറന്ന്‌ കളിക്കുന്ന സമൂഹത്തിന്‌ മൂല്യ ശോഷണം സംഭവിക്കും.സമ്പത്തിനും മൂല്യം ചോരുന്നില്ല കൂടുന്നുമില്ല.പിന്നെ എവിടെയാണ്‌ ശോഷണവും പോഷണവും സംഭവിക്കുന്നത്‌.ഈ ചോദ്യത്തിലാണ്‌ യഥാര്‍ഥ വില്ലന്‍.

ഇല്ലാത്തതിനെ കൃത്രിമമായി തെളിയിക്കുകയും ഉള്ളതിനെ കൃത്രിമമായി അണയ്‌ക്കുകയും ചെയ്യുന്ന അതി സമര്‍ത്ഥമെന്ന്‌ പ്രചരിപ്പിക്കപ്പെടുന്ന ഈ മുതലാലിത്ത നികൃഷ്‌ട അടവ്‌ രീതിയുടെ പൊയ്‌മുഖമാണ്‌ ഇവിടെ ചീന്തി മാറ്റപ്പെട്ടത്‌.




പുതിയ മില്ലീനിയത്തിന്റെ പിറവിയ്‌ക്ക്‌ ശേഷമാണ്‌ ലാഭക്കൊതി അതിരൂക്ഷമായ ഭാവത്തില്‍ സമൂഹ ഗാത്രത്തില്‍ പടര്‍ന്ന്‌ കയറിയത്‌.ഈ ലാഭക്കൊതിയെ പരമാവധി ചൂഷണം ചെയ്യാനുള്ള തന്ത്രങ്ങള്‍ മറുഭാഗത്തും അരങ്ങ്‌ തകര്‍ത്തു.ഒടുവില്‍ അനിവാര്യമായ ദുരന്തം ലോകം ഏറ്റു വാങ്ങുകയും ചെയ്‌തു.സാമ്പത്തിക ശാസ്ത്രത്തിന്റെ ബാല പാഠങ്ങള്‍ പോലും തിരിയാത്ത സമൂഹത്തില്‍ ഊഹക്കച്ചവടത്തിന്റെ നെറികേട്‌ വ്യക്തമായി വിശദികരിക്കപ്പെട്ടിരുന്നു എന്ന്‌ ഗൗരവ പൂര്‍വം നാം മനസ്സിലാകിയിരിക്കേണ്ടതുണ്ട്‌. വ്യവസായം വിപ്ലവമായി പരാര്‍ശിക്കപ്പെടും മുമ്പ്‌ തന്നെ ആയാസ രഹിത സമ്പാദ്യ പദ്ധതിയായ പലിശയെ പിഴുതെറിയാനുള്ള ശിക്ഷണങ്ങളും ഒപ്പം ക്രിയാത്‌മക പ്രവര്‍ത്തനങ്ങളെയും കച്ചവടങ്ങളെയും പ്രോല്‍സാഹിപ്പിക്കുന്ന പാഠങ്ങളും നല്‍കപ്പെട്ട കാര്യവും നാം ഓര്‍ത്തിരിക്കേണ്ടതുണ്ട്‌.പുതുലോക ക്രമത്തിനുള്ള ആഹ്വാനത്തെ സ്വീകരിച്ചതിന്റെ ഇഖ്‌ലാസിന്റെ തോതനുസരിച്ച്‌ എല്ലാവര്‍ക്കും കിട്ടിയിട്ടുണ്ട്‌.ഞങ്ങള്‍ക്കൊന്നും സംഭവിച്ചിട്ടില്ലെന്ന്‌ പറയുന്നത്‌ അപ്പന്‍ പത്തായത്തിലില്ലന്ന പറച്ചിലായി മാത്രമേ കണക്കാക്കേണ്ടതുള്ളൂ.കച്ചവടം വളരുന്നതിന്‌ പകരം കച്ചവട മനസ്സ്‌ വളര്‍ന്നു എന്നത്‌ വലിയ പാതകം തന്നെയാണ്‌.കപ്പല്‍ മുങ്ങുമ്പോള്‍ പൊത്ത്‌ തുളച്ചവര്‍ മാത്രം മുങ്ങുകയും അതില്‍ ഏര്‍പ്പെടാത്തവര്‍ രക്ഷപ്പെടുകയും എന്നത്‌ സാമാന്യ ബുദ്ധിക്ക്‌ നിരക്കുന്നതല്ല. എന്നിട്ടും യാത്രക്കാര്‍ നിസംഗരാണെങ്കില്‍..വലിയ വിപത്തുകള്‍ക്ക്‌ കാതോര്‍ത്തിരിക്കുകയ‌ല്ലാതെ നിര്‍വാഹമില്ല.